Thursday 20 November 2014

മധുരിക്കും ഓര്‍മകള്‍



കുട്ടിക്കാലത്തെ കുറുമ്പുകള്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുകയാണ്.
ഓര്‍മകള്‍ക്ക് പത്തുമുപ്പത്തഞ്ചു കൊല്ലത്തെ പഴക്കമുണ്ട്.
ഞങ്ങള്‍ പോക്കിരികളായ മൂന്ന് ആണ്‍മക്കളെയും നേരെചൊവ്വെ വളര്‍ത്തിയെടുക്കാന്‍ അച്ഛനും അമ്മയും നന്നെ പാടുപെട്ടിട്ടുണ്ടാവണം.കൂട്ടത്തില്‍ വികൃതിക്ക് കേമന്‍ ഞാന്‍ തന്നെ.
പള്ളിക്കൂടമില്ലാത്ത ദിവസങ്ങളില്‍ ഉച്ചയാകുമ്പോള്‍ അമ്മ അടുക്കളയില്‍ നിന്ന് നീട്ടിയൊരു വിളിയുണ്ട്.
"എടാ മധുവേ ...ഊണിന് കാലമായി.കടയിലേക്ക് ചെന്ന് അച്ഛനെ പറഞ്ഞുവിട്ടോളൂ."
വീട്ടില്‍ നിന്നും അച്ഛന്റെ പലചരക്കുകടയിലേക്ക് പത്തു മിനിട്ട് നടക്കാനുണ്ട്.അത്യാവശ്യം
സാധനങ്ങളൊക്കെയുള്ള നാട്ടുംപുറത്തെ ഒരു പാവം പീടികയാണെങ്കിലും
നാട്ടിലെ പാവങ്ങളുടെ ഏക ആശ്രയമാണ് ഈ മഹാസ്ഥാപനം!പഞ്ഞമാസങ്ങളിലൊക്കെ
കടയില്‍ സാമാന്യം തിരക്കുണ്ടാവും.കാരണം മറ്റൊന്നുമല്ല,കടം വാങ്ങാനുള്ള സൗകര്യം തന്നെ.
കൈയില്‍ നിറയെ കാശുണ്ടങ്കില്‍ ആളുകള്‍ നല്ല കടയില്‍ പോയി സാധനങ്ങള്‍ വാങ്ങിക്കൊള്ളും.
കാലം ചെല്ലുംതോറും പീടികയും അച്ഛനും മെലിഞ്ഞുവന്നു.
അമ്മയുടെ വിളികേട്ട് അനുജനും എന്റെ കൂടെ പോരാന്‍ തിടുക്കം കാട്ടി.
"ഞാനും വരുന്നു..''
മൂക്കിലെ കൊഴുത്ത ദ്രാവകം കൈയിലെടുത്ത് ട്രൗസറിന്റെ പിന്നാമ്പുറത്ത് തേച്ചുകൊണ്ട് അവന്‍
അവകാശം ഉന്നയിച്ചു.
ഈ അവകാശവാദത്തിന് രഹസ്യമായ ഒരു പരസ്പരധാരണയുടെ മധുരിക്കുന്ന പിന്നാമ്പുറമുണ്ട്.
'' തിരിച്ചു പോരുമ്പോള്‍ ഒരുകിലോ പഞ്ചസാരയും കൊണ്ടുപോരണം.''
വീട്ടു പടിക്കലെത്തിയപ്പോള്‍ അമ്മ പിന്നില്‍ നിന്നും വിളിച്ചുപറഞ്ഞു.
വേഗം നടന്നോളൂ .അല്ലെങ്കില്‍ അച്ഛന്‍ കട അടച്ചിട്ട് ചോറുണ്ണാന്‍ വീട്ടിലേക്ക് പോരും.”
ഞാന്‍ പറഞ്ഞു.
ഞങ്ങളെ കണ്ടപ്പോള്‍ അച്ഛന്‍ പടിയിങ്ങിവന്നു.
"ഇവിടെ നാശമൊന്നും ഉണ്ടാക്കരുത്.ഞാന്‍ വേഗം വരാം"
പൂച്ചക്കുട്ടികളെപ്പോലെ പാവങ്ങളായി ,അച്ഛന്റെ വാക്കുകള്‍ അനുസരിക്കാമെന്ന് രണ്ടാളും തലയാട്ടി.
ഇനി കുറച്ചു നേരത്തേക്ക് സര്‍വ്വാധികാരികള്‍ ഞങ്ങള്‍ തന്നെ.ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ കിട്ടുന്ന അവസരമാണ്.രണ്ടാളും മിഠായിഭരണികളെ മാറിമാറി ആക്രമിച്ചു.അളവ് വളരെ കുറഞ്ഞാല്‍ അച്ഛന്‍
കണ്ടുപിടിക്കും.അതുകൊണ്ട് ആക്രമണത്തിന്റെ ദിശ മറ്റു സാധനങ്ങളിലേക്കായി.അച്ഛന്‍ തിരിച്ചു വരുമ്പോഴേക്കും ഞങ്ങള്‍ പഴയ പൂച്ചക്കുട്ടികളായി.
ഒരു കിലോ പഞ്ചസാര വേണംന്ന് അമ്മ പറഞ്ഞു”
ആറ്റില്‍ കളഞ്ഞാലും അളന്നു കളയണമെന്ന ചൊല്ല് വീട്ടില്‍ ഇടക്കൊക്കെ കേള്‍ക്കാം.വീട്ടിലേക്കാണങ്കിലും
പഞ്ചസാര ത്രാസില്‍ തൂക്കി കടലാസില്‍ ഭദ്രമായി പൊതിഞ്ഞ് കയ്യില്‍ തന്നു.
സൂക്ഷിച്ച് കൊണ്ടുപൊയ്ക്കോളൂ”
മിഠായിയുടെ മധുരമൊക്കെ പൊയ്ക്കഴിഞ്ഞിരുന്നു.അതുകൊണ്ട് കയ്യിലിരിക്കുന്ന പൊതിയിലാണ്
അനുജന്റെ കണ്ണ്.
"പൊതി എന്റെ കൈയില് തന്നില്ലെങ്കില് മിഠായിയുടെ കാര്യം അമ്മയോട് പറയും"
മിഠായിഭരണിയില്‍ ആദ്യം കൈ കടത്തിയെന്നൊരു അപരാധം ഞാന്‍ ചെയ്തുപോയി.അനുജന്‍മാരാല്‍
തോല്‍പ്പിക്കപ്പെട്ട ജ്യേഷ്ടന്‍മാരുടെ കഥകള്‍ നേരത്തേ കേട്ടിട്ടുള്ളതിനാല്‍ ഞാന്‍ അനുസരിച്ചു.
ബുദ്ധിരാക്ഷസനായ അവന്‍ ,പഞ്ചസാരപ്പൊതി അഴിക്കാതെ തന്നെ, മധുരം നുണയുന്ന പുതിയ വിദ്യ എന്നെ കാട്ടിത്തന്നപ്പോള്‍ ആദരവ് തോന്നാതിരുന്നില്ല.ഒരു ചുള്ളിക്കമ്പെടുത്ത് പൊതിയുടെ അടിയില്‍
വിദഗ്ധമായൊരു സുഷിരം നിര്‍മിച്ചു.ആവശ്യം കഴിഞ്ഞാല്‍ വിരല്‍ കൊണ്ട് പൊത്തിപിടിക്കാം.
വീട്ടിലെത്തിയാലുള്ള തന്ത്രങ്ങള്‍ ഇനിയുമുണ്ട്.പഞ്ചസാരപ്പൊതിയുടെ ശൂന്യസ്ഥലവും ദ്വാരവുമൊന്നും അമ്മയുടെ ശ്രദ്ധയില്‍ പെടാതിരിക്കാനും കരുതല്‍ വേണം.അതല്ലെങ്കില്‍ ഭവിഷത്ത് ചിരട്ടത്തവിയുടെ പിടിയില്‍ കാത്തിരിക്കുന്നുണ്ടാവും.
"അമ്മേ പഞ്ചസാര പാത്രത്തിലിടട്ടേ"
എന്ന ചോദ്യത്തിന്റെ ഗുട്ടന്‍സ് പാവത്തിനു മനസിലായിട്ടുണ്ടാവുമോ?കബളിപ്പിക്കലിന്റെ
ബാലപാഠങ്ങള്‍... ഇന്നോര്‍ക്കുമ്പോള്‍ അമ്മയുടെ ദൈന്യം നിറഞ്ഞ കുഞ്ഞുമുഖമാണ് മനസില്‍ ഓടിയെത്തുക.
മധുരത്തോടുള്ള ആര്‍ത്തി അതുകൊണ്ടും തീര്‍ന്നില്ല.അടുത്ത വീട്ടിലെ സത്യഭാമ അമ്മയുടെ മുമ്പില്‍ പ്രപഞ്ചരഹസ്യങ്ങള്‍ കാതില്‍ മന്ത്രിക്കുന്ന സമയം നോക്കി, പഞ്ചസാരപ്പാത്രത്തിലെ സ്പൂണില്‍ കോരിയെടുത്ത് അകത്താക്കലാണ് അടുത്ത വിനോദം.സ്പൂണിന്റെമേല്‍ നാവുകൊണ്ടുള്ള സ്നേഹപരിചരണങ്ങള്‍ക്കു ശേഷമാണ് അത് തിരികെ പാത്രത്തിലിടുക.
ഒരിക്കല്‍ ആരുടേയോ കാല്‍പ്പരുമാറ്റം കേട്ട അനുജന്‍ വേഗത്തില്‍ തസ്ക്കരകര്‍മം പൂര്‍ത്തിയാക്കി അപ്രത്യക്ഷനായി.പാത്രത്തിന്റെ മൂടിപോലും ശരിയായി അടച്ചില്ല.
അടുത്ത ഊഴം എന്റേതാണ്.നേരവും കാലവുമൊക്കെ നോക്കിയാണ് പഞ്ചസാരഭരണിയെ സമീപിച്ചതെങ്കിലും അബദ്ധങ്ങള്‍ വഴിയില്‍ തങ്ങില്ലല്ലോ.പൂച്ച കണ്ണടച്ചു പാല്‍ കുടിച്ചതുപോലെയായിപ്പോയി
എന്റെ കാര്യം...
നാവില് നിറയെ കടിയന്‍മാരായ ഉറുമ്പിന്‍കൂട്ടം.എന്റെ ചുണ്ടിലും നാവിലുമൊക്കെ അവറ്റകള്‍
വീരേതിഹാസം രചിച്ചു.ഒന്നുറക്കെ കരയാന്‍ പോലുമാവാത്ത ചക്രവ്യൂഹത്തില്‍ പെട്ടുപോയി.
സ്പൂണില്‍ പറ്റിക്കൂടിയിരുന്ന് നനഞ്ഞ മധുരം നുണഞ്ഞ എറുമ്പന്‍മാര്‍ എന്നെ അക്ഷരാര്‍ത്ഥത്തില്‍
നക്ഷത്രമെണ്ണിച്ചു.ചരിത്രത്തിന്റെ താളുകളില്‍ സുവര്‍ണലിപികളാല്‍ എഴുതിച്ചേര്‍ത്ത സംഭവം.എന്റെ അവസാനത്തെ മധുരമോഷണം.
ഇപ്പോള്‍ പ്രമേഹത്തിന്റെ പരിശോധനാഫലം അല്പം ഉയര്‍ന്നാലുടന്‍ ഭാര്യ പറയും...
"പണ്ട് പഞ്ചസാര കട്ടു തിന്നതിന്റെ കുഴപ്പമാ ...കണ്ടില്ലേ...
ആര്‍ക്കറിയാം ഇപ്പോഴും കട്ടുതിന്നുന്നുണ്ടാവും.”
                                                           ---- VKA------




1 comment:

kranilkumar said...

വിനോദ്മാഷിന്റെ നിനോദങ്ങള്‍ ഇനിയും ബ്ളോഗില്‍ നിറയണം...