Monday 20 October 2014

കുഞ്ഞപ്പന്റെ കുറുമ്പ്.....



പാതിരാക്കോഴിയും കൂവിക്കഴിഞ്ഞിട്ട് നേരം കുറെ കഴിഞ്ഞിട്ടുണ്ടാവണം.
എന്റെ കര്‍ണപുടങ്ങളില്‍ ആരോ അതിക്രമിച്ചുകടന്ന് ചുരണ്ടലും മാന്തലും തുടങ്ങി.
സ്വപ്നമാണെന്നൊക്കെ ഭാവിച്ചു കിടക്കുമ്പോള്‍ ആദ്ദേഹം ആക്രമണത്തിന്റെ ശക്തി വര്‍ദ്ധിപ്പിച്ചു.
ഞെട്ടിത്തരിച്ച ഞാന്‍ പൊട്ടിത്തെറിച്ചുപോയ്”എന്നു പറഞ്ഞാല്‍ മതിയാവുമെന്ന് തോന്നുന്നു.
ഭാര്യയും മകളും എന്റെ ദീനവിലാപം കേട്ട് ,സുഖനിദ്ര നഷ്ടപ്പെട്ട പരിഭവത്തോടെ അന്വേഷിച്ചു.
'എന്തു പറ്റി,വല്ല സ്വപ്നവും കണ്ടോ?'
'എന്റെ ചെവിക്കുള്ളിലെന്തോ സഞ്ചരിക്കുന്നു! '
അവര്‍ ടോര്‍ച്ചടിച്ചു പരിശോധിച്ചു.ഒന്നും കാണുന്നില്ല.
'വെറുതെ തോന്നിയതാവും'
പറഞ്ഞുതീരുംമുമ്പേ ചെവിക്കുള്ളില്‍ കയറിയ കശ്മലന്‍ പൂര്‍വ്വാധികം കരുത്തോടെ ബാന്റ് വാദനമാരംഭിച്ചു.
താമരപ്പൂവിനുള്ളില്‍ കുടുങ്ങിയ കരിവണ്ടിന്റെ അവസ്ഥയില്‍ മൂപ്പര് പരാക്രമം കാട്ടി.
ക്ഷണിക്കാതെത്തിയ മാന്യദേഹത്തെ പുറത്തെത്തിക്കാന്‍, മകളുടെ ആയുധശേഖരത്തിലെ 'ചവണ'ക്കും കഴിയാതെയായപ്പോള്‍ ആശങ്ക മുള്‍മുനയോളം!
'അല്ല,ഇനിയിപ്പോ ആശുപത്രിക്ക് വണ്ടി വിടേണ്ടിവരുമോ?'
വാമഭാഗത്തിന്റെ വക ആശങ്ക.
'ഇല്ല,ഈ ചെകുത്താനെയും തലയില്‍പേറി വണ്ടി ഓടിക്കാനാവില്ല'
'ഉറങ്ങും മുമ്പേ നാമംചൊല്ലി കിടക്കണമെന്ന് പറഞ്ഞാല്‍ അനുസരിക്കില്ലല്ലോ.അതെങ്ങനാ ഈശ്വര വിചാരം വേണ്ടേ?'
പലരും പറയുന്ന ഭര്‍തൃദോഷങ്ങള്‍ ശ്രീമതിയും കണ്ടെത്തി.
സര്‍ക്കസു കമ്പിനിയിലെ കൂട്ടിനുള്ളില്‍ പായുന്ന മോട്ടോര്‍ബൈക്കിന്റെ ഇരമ്പം ചെവിക്കുള്ളില്‍...

എല്ലാം വളരെ പെട്ടെന്നായിരുന്നു..മകളുടെ ബുദ്ധിയെ പ്രശംസിക്കാതിരിക്കാനാവില്ല!
ആപത്തില്‍പ്പെട്ടവനെ രക്ഷിക്കാന്‍ പിടിക്കയര്‍ കിണറ്റിലിറക്കിക്കൊടുക്കാറുണ്ട്.
'നമുക്കൊരു നൂല്‍ ചെവിയിലിറക്കാം!'
ചൂണ്ടയില്‍ ഇരയും കോര്‍ത്ത് പുഴവക്കത്തെന്നപോലെ, രണ്ടാളും കാത്തിരുന്നു.
കാത്തിരുപ്പിന് ഫലം കണ്ടു.കുണ്ടില്‍ ചാടിയ പുഷ്ക്കരന്‍ മറ്റാരുമല്ല...ഒരു കുഞ്ഞനുറുമ്പ്!
അഗാധതയില്‍ നിന്നും ഒന്നുമറിയാത്ത ഭാവത്തില്‍ കയറിവന്ന പെരുങ്കള്ളനെ ‍ഞാന്‍
എന്തു ചെയ്യണം?
മധുരമന്വേഷിച്ച് വന്നതാവണം.മധുരം ചെവിക്കുള്ളിലോ?ഇന്നലെ ഞാന്‍ വൈക്കംജയലക്ഷ്മിയുടെ
മധുരസംഗീതം കേട്ടുകിടന്നതാണ്.വിദ്വാന്‍, എന്റെ കാതുകളെ കുളിര്‍പ്പിച്ച സംഗീതമാധുര്യത്തിന്റെ പൊട്ടും പൊടിയും തെരഞ്ഞെത്തിയതു തന്നെ!
ഞാന്‍ അറിയാവുന്ന മഹാന്മാരെയൊക്കെ ഓര്‍ത്തു.കാരുണ്യവാന്‍മാരായ ശ്രീബുദ്ധനെ,ഗാന്ധിജിയെ,നെഹ്റുവിനെ....
ഭൂമിയുടെ അവകാശികളെപ്പറ്റി കഥയെഴുതിയ ബേപ്പൂര്‍സുല്‍ത്താനെയും 'കൊടുക്കുവാനരുതാത്തതെടുക്കരുത്'എന്നു പാടിയ ഇടശ്ശേരിയേയും....
സ്വര്‍ണനിറമുള്ള കുഞ്ഞനെ അവന്റെ വഴിക്കുവിട്ടു.
വലിയൊരു കാര്യം ചെയ്ത സംതൃപ്തിയുമായ് ഉറങ്ങാന്‍ കിടന്നു.
ഉറുമ്പോളമുള്ളതിനെ മലപോലെയാക്കുന്നതെങ്ങനെന്ന് ഇപ്പോള്‍ പഠിച്ചില്ലേ?

No comments: